ധ്രുവദീപ്തി
മിക്കപ്പോഴും ഏതാനും മിനിട്ടുകള്‍ മാത്രം നീണ്ടുനില്ക്കുന്ന ഈ പ്രകാശധോരണി ചിലപ്പോള്‍ മണിക്കൂറുകളോളം തുടര്‍ന്നു പോവാറുണ്ട്. വിദൂരതയില്‍ അഗ്നിജ്വാലപോലുള്ള ഒരു തേജസ്സ് പ്രത്യക്ഷപ്പെടുന്നു. വിവിധ വലുപ്പത്തിലും വര്‍ണത്തിലുമുള്ള പ്രകാശനാടകളായി അവ ആകാശത്തിന്റെ ഉച്ചകോടിയിലേക്കു നീളുന്നു. പിന്നെ അവ അങ്ങനെതന്നെ തങ്ങിനിന്നു വെളിച്ചം വിതറും. ചുവപ്പ്, പച്ച, നീല വര്‍ണങ്ങളാണ് പ്രധാനമായും ഉണ്ടാവുക. ചിലപ്പോള്‍ മൂടല്‍മഞ്ഞുപോലെ തോന്നിക്കുന്ന ഇരുട്ടിന്റെ നേരിയ പാടയില്‍ ഈ ദീപ്തിപ്രസരം പാടെ മങ്ങിപ്പോകുന്നു. അല്പസമയത്തിനുശേഷം ഈ മറ ഭേദിച്ചു വീണ്ടും പ്രകാശം പരക്കുന്നു. അപ്പോള്‍ ഉലയിലിട്ടു പഴുപ്പിച്ച ഇരുമ്പുപാളിയുടെ ശോഭയായിരിക്കും പ്രകാശവീചികള്‍ക്കുണ്ടാവുക. പ്രഭാതമാകുന്നതോടെ ഈ പ്രകാശം ക്രമേണ വിളറിവെളുത്ത് അന്തര്‍ധാനം ചെയ്യുന്നു. തീവ്രതയിലും വര്‍ണപ്പകിട്ടിലും പ്രകൃതിയിലും വ്യത്യസ്തമായിട്ടായിരിക്കും ഇവ ആവര്‍ത്തിക്കുന്നത്. ഒരേ സ്ഥാനത്തുതന്നെ തുടര്‍ന്നു പ്രത്യക്ഷപ്പെടണമെന്നുമില്ല. ഇവ ചന്ദ്രികയുള്ള രാത്രികളില്‍ പ്രായേണ മങ്ങിക്കാണപ്പെടും. അറോറാകളിലെ വര്‍ണവിശേഷങ്ങളില്‍ പ്രമുഖം പച്ചകലര്‍ന്ന മഞ്ഞയാണ്. ചിലപ്പോള്‍ ഇളം നീലയോ ചുവപ്പോ ആയിക്കൂടെന്നില്ല. സൗരപ്രജ്ജ്വാലകളുടെ ആധിക്യമുള്ളപ്പോള്‍ വര്‍ണരാജിയിലെ മുന്തിയ നിറം കടുംചുവപ്പായിരിക്കും. പച്ചകലര്‍ന്ന മഞ്ഞയുടെ പശ്ചാത്തലത്തില്‍ ചുവപ്പും നീലയും ഇടകലര്‍ന്ന നാടകളോടുകൂടിയ തൊങ്ങലുകളാണ് അറോറാപ്രകാശത്തിലെ അത്യന്തം ആകര്‍ഷകമായ ദൃശ്യം.
രാത്രിയുടെ ആരംഭത്തില്‍ത്തന്നെ പ്രഭാവൈചിത്ര്യം പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ അര്‍ധരാത്രിക്ക് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കു മുന്‍പാണ് പ്രകാശം ഏറ്റവും തീക്ഷ്ണമാകുന്നത്. വിഷുവ കാലങ്ങള്‍ക്കടുത്ത് അറോറാകളുടെ ആവൃത്തി അധികമായി കാണുന്നു. സൗര ആളലുകള്‍ക്കു ശേഷം അറോറകള്‍ വളരെ തീവ്രമായിരിക്കുന്നതായും കാണുന്നു. ഉത്തര ദക്ഷിണ ധ്രുവദീപ്തികള്‍ തമ്മില്‍ കാര്യമായ യാതൊരു വ്യത്യാസവുമില്ല. ഭൂമിയുടെ കാന്തികധ്രുവത്തെ ചുറ്റി 23 ഡിഗ്രി അകലത്തോളമുള്ള മേഖലയിലാണ് അറോറാ ബോറിയാലിസ് പ്രത്യക്ഷപ്പെടുന്നത്. അറോറാ ആസ്റ്റ്രേലിസ് ആകട്ടെ കാന്തികധ്രുവത്തിന് 18 ഡിഗ്രി അകലത്തോളം മാത്രം പ്രത്യക്ഷപ്പെടുന്നു. ഉത്തരാര്‍ധഗോളത്തില്‍ കാന്തികധ്രുവത്തിന്റെ സ്ഥാനം ഗ്രീന്‍ലന്‍ഡിന്റെ വ.പടിഞ്ഞാറു ഭാഗത്തുള്ള തൂലെ ആണ്. അലാസ്ക, ഹഡ്സന്‍ ഉള്‍ക്കടല്‍, ലാബ്രഡോര്‍, നോര്‍വേ, സ്വീഡന്‍, സൈബീരിയയുടെ വടക്കന്‍തീരം എന്നീ പ്രദേശങ്ങള്‍ അറോറാ മേഖലയില്‍ ഉല്‍പ്പെട്ടിരിക്കുന്നു. ദക്ഷിണാര്‍ധഗോളത്തില്‍ കാന്തികധ്രുവവും അറോറാ മേഖലയും അന്റാര്‍ട്ടിക്കയിലാണ്. [LOWER]