ഒറിഗാമി
കടലാസുകൾ മടക്കി വിവിധ രൂപങ്ങൾ സൃഷ്ടിക്കുന്ന ഒരു ജപ്പാനീസ് കലയാണ് ഒറിഗാമി. മടക്കൽ എന്നർത്ഥമുള്ള ഒരു, കടലാസ് എന്നർത്ഥമുള്ള കാമി എന്നീ രണ്ടു ജപ്പാനീസ് വാക്കുകളിൽ നിന്നാണ് ഒറിഗാമി എന്ന പദം സൃഷ്ടിച്ചത്. ഒരു കടലാസ് മുറിക്കാതെയോ, ഒട്ടിക്കാതെയോ വസ്തുക്കളുടെ രൂപങ്ങൾ വിവിധ ജ്യാമിതീയ രീതികളിൽ മടക്കി മാത്രം സൃഷ്ടിക്കുക എന്നതാണ് ഈ കലാരൂപത്തിന്റെ അടിസ്ഥാനം.
സാധാരണ ഒറിഗാമിയിൽ മടക്കുകൾ എണ്ണത്തിൽ കുറവായിരിക്കും. പക്ഷേ ഈ മടക്കുകളെ വിവിധങ്ങളായ രീതിയിൽ സംജോജിപ്പിച്ച് സങ്കീർണ്ണമായ രൂപങ്ങൾ സൃഷ്ടിക്കുന്നു. ഇതിനു ഏറ്റവും നല്ലൊരുദാഹരണം ജപ്പാനീസ് പേപ്പർ ക്രെയിൻ ആണ്. സാധാരണയായി ഒറിഗാമിയിൽ ഉപയോഗിക്കുന്ന കടലാസിനു സമചതുരത്തിലുള്ളതും വശങ്ങൾ വിവിധങ്ങളായ വർണ്ണങ്ങളോടു കൂടിയവയുമായിരിക്കും. എഡോ യുഗം മുതൽ നില നിന്നിരുന്ന ജപ്പാനീസ് ഒറിഗാമിയിൽ കടലാസിന്റെയും, മടക്കുകളുടെയും കാര്യത്തിലുള്ള നിബന്ധനകളൊന്നും കൃത്യമായി പാലിക്കാറില്ലെന്ന് പലരും കരുതുന്നുണ്ട്. ചില അവസരങ്ങളിൽ ഒറിഗാമിയിൽ ഉപയോഗിക്കുന്ന കടലാസു് മുറിച്ച് പോലും വ്യത്യസ്ത രൂപങ്ങൾ സൃഷ്ടിക്കാറുണ്ടു്. ഈ രീതിയെ കിറിഗാമി എന്നു വിളിക്കുന്നു.
ഒറിഗാമിയുടെ ഉത്ഭവത്തെക്കുറിച്ച് നിരവധി വാദങ്ങൾ നിലനിൽക്കുന്നുണ്ട്. പൊതുവെ വിശ്വസിക്കപ്പെടുന്നതു ആധുനിക ഒറിഗാമിയിലെ പ്രധാന മാറ്റങ്ങളൊക്കെ സംഭവിച്ചത് ജപ്പാനിൽ നിന്നാണെന്നാണ്. എങ്കിലും, ഇതിനെക്കാളൊക്കെ വളരെ മുൻപു തന്നെ കടലാസുകൾ മടക്കിയുണ്ടാക്കുന്ന കല ചൈന, ജർമ്മനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും നിലനിന്നിരുന്നു. ഇതു വരെ ലഭ്യമായിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴക്കമേറിയ ഒറിഗാമിയെക്കുറിച്ചുള്ള പരാമർശം ലഭിച്ചിട്ടുള്ളത് 1680-ൽ ഇഹറ സായ്ക്കാക്കു എഴുതിയ ഹ്രസ്വ കവിതയിൽ സ്വപ്നത്തിൽ കടലാസു പൂമ്പാറ്റകൾ വരുന്നതായുള്ള പരാമർശനത്തിൽ നിന്നാണു്.
ഹിയാൻ കാലഘട്ടം (794–1185) മുതൽ തന്നെ ജപ്പാനിലെ ആഘോഷങ്ങളിൽ കടലാസുകൾ മടക്കി രൂപങ്ങൾ സൃഷ്ടിച്ച് അലങ്കാരമായി തൂക്കിയിടുന്നത് പ്രചാരത്തിലിരുന്നുവെന്ന് ജപ്പാനീസ് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. അബേ നൊ സെയ്മെയ് കടലാസു കൊണ്ട് ഒരു പക്ഷിയെ ഉണ്ടാക്കിയതായും അതിനു ജീവൻ നൽകിയതായുമുള്ള ഒരു കഥ ജപ്പാനിലുണ്ട്. [204]
No comments:
Post a Comment