Saturday, December 10, 2011

കെ.ജി.ടി.ഇ. മലയാളം വേഡ്പ്രോസസിംഗ് പരീക്ഷ ഇന്‍സ്ക്രിപ്റ്റ് കീബോഡില്‍ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം തന്നെയാണ് ശരി. കാരണം, ഇന്‍സ്ക്രിപ്റ്റ് കീബോഡ് ദേശീയ തലത്തില്‍ അംഗീകരിച്ചതും ഉപയോഗിക്കാന്‍ ഏറെ എളുപ്പമുള്ളതുമാണ്. മലയാളം ടൈപ്പ്റൈറ്റര്‍ കീബോഡ് ശാസ്ത്രീയമായ രീതിയിലല്ല ക്രമീകരിച്ചിരിക്കുന്നത്. ടൈപ്പ്റൈറ്ററില്‍ ഇത് ശരിയായ ക്രമീകരണമായിരിക്കാം. ടൈപ്പ് ബാറുകള്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി പതിയാതിരിക്കനാണ് ഇത്തരത്തില്‍ കീ ബോഡ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം പരിമിതികളൊന്നും കംപ്യൂട്ടറിനില്ലല്ലോ. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക് വികസിപ്പിച്ചെടുത്ത ഇന്‍സ്ക്രിപ്റ്റ് കീബോഡ് ആണ് കംപ്യൂട്ടറില്‍ മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകള്‍ ടൈപ്പ് ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. ഇത് ഇന്നൊരു സ്റ്റാന്‍ഡേര്‍ഡ് കീബോഡ് ലേഔട്ട് ആയി മാറിയിരിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് കീബോഡില്‍ സ്വരാക്ഷരങ്ങള്‍ ഇടതു വശത്തും വ്യഞ്ജനാക്ഷരങ്ങള്‍ വലതു വശത്തുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് മലയാളത്തിന് മാത്രമുള്ള ഒരു കീബോഡ് ലേഔട്ട് അല്ല. ഇടതു നിന്നും വലത്തോട്ടെഴുതുന്ന എല്ലാ ഇന്ത്യന്‍ ഭാഷകളും ഈ കീബോഡ് ആണ് ഉപയോഗിക്കുന്നത്. അതു കൊണ്ട് ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയില്‍ ടൈപ്പ് ചെയ്യാനറിയുന്ന ഒരാള്‍ക്ക് മറ്റ് ഏതൊരു ഇന്ത്യന്‍ ഭാഷയും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയും.

മുമ്പ് കംപ്യൂട്ടറുകളില്‍ മലയാളം ടൈ‌പ്പ് ചെയ്യുന്നതിന് സിഡാക് വികസിപ്പിച്ചെടുത്ത ISM എന്ന സേഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ ഇന്‍സ്ക്രിപ്റ്റ് കീബോഡ് കൂടാതെ Malayalam Typewriter, Phonetic English എന്നീ കിബോഡുകളും ലഭ്യമായിരുന്നു. എന്നാല്‍ ഇന്ന് ASCII യെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ISM ന് പകരം പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെല്ലാം യുണീക്കോഡ് സപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുണിക്കോഡില്‍ ഇന്‍സ്ക്രിപ്റ്റ് കീബോഡ് ആണ് ഡിഫോള്‍ട്ട് ആയി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ അറിവും സമ്മതവും ഇതിനുണ്ട്.
കംപ്യുട്ടറില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് കീബോഡ് ഇന്‍സ്ക്രിപ്റ്റ് ആണ്. അതുകൊണ്ട് തന്നെ കെ.ജി.ടി.ഇ. മലയാളം വേര്‍ഡ് പ്രോസസിംഗ് പരീക്ഷ ഇന്‍സ്ക്രിപ്റ്റില്‍ തന്നെയാണ് നടത്തേണ്ടത്. ഉബുണ്ടു ലിനക്സ് പോലുള്ള ആധുനിക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ മലയാളം ടൈപ്പ് റൈറ്റര്‍ കീബോഡ് ലഭ്യമല്ല. മിക്കവാറും സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം ഇപ്പോള്‍ ലിനക്സ് ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് പി.എസ്.സി. കിട്ടി ടൈപ്പിസ്റ്റ് ആകുന്ന ഒരാള്‍ ഇന്‍സ്ക്രിപ്റ്റ് പഠിക്കാന്‍ നിര്‍ബന്ധിതനാകും. ഇപ്പോള്‍ ടൈപ്പിസ്റ്റായി ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്‍സ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്. കാലത്തിനൊത്ത് മാറാന്‍ തയ്യാറാകാതെ ഇപ്പോഴും ടൈപ്പ്റൈറ്ററുകളും കെട്ടിപ്പിടിച്ചിരിക്കുന്ന ചുരുക്കം ചിലര്‍ മാത്രമാണ് ഇപ്പോഴും ടൈപ്പ്റൈറ്റര്‍ കീബോഡ് ഉപയോഗിക്കുന്നത്. ഐ.ടി.@സ്കൂളില്‍ യു.പി. മുതല്‍ ഹൈസ്കൂള്‍ വരെ വിദ്യാര്‍ത്ഥികള്‍ ഇന്‍സ്ക്രിപ്റ്റ് പഠിക്കുന്നുണ്ട്. സംസ്ഥാന ഐ.ടി. മേളയില്‍ മലയാളം ടൈപ്പിംഗ് മത്സരം നടത്തുന്നതും ഇന്‍സ്ക്രിപ്റ്റില്‍ ആണ്. പ്രമുഖ മലയാള പത്രങ്ങളെല്ലാം ഇന്‍സ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്.

No comments:

Post a Comment